കേരളത്തിൽ തൃശൂർ ജില്ലയിലാണ് പ്രശസ്തമായ വടക്കുംനാഥ ക്ഷേത്രം. ത്യശൂർ നഗരമധ്യത്തിൽ കുന്നിന്റെ മുകളിലാണ് വടക്കുന്നാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭക്തിയും സംസ്ക്കാരവും, വാസ്തുവിദ്യയും ഒക്കെ സമ്മേളിക്കുന്ന ഈ ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. യുനെസ്‌കോയുടെ പൈതൃക അവാർഡും വടക്കുന്നാഥ ക്ഷേത്രത്തിന് ലഭിച്ചിട്ടുണ്ട്.
ശിവനാണ് ഇവിടുത്തെ പ്രതിഷ്‌ഠ. പരശുരാമൻ നിർമ്മിച്ചതെന്ന് കരുതുന്ന കേരളത്തിലെ ആദ്യ ശിവ ക്ഷേത്രമാണിത്. ഇവിടുത്തെ വസ്തുവിദ്യയും, ചുമർചിത്രങ്ങളും പരമ്പരാഗത കേരളീയ ശൈലീലുള്ളതാണ്.
പടിഞ്ഞാറ് ദർശനമായി ശിവനും, പാർവതിയും, ഗണപതിയും ശിവനുപിന്നിൽ കിഴക്കോട്ടഭിമുഖമായും ആണുള്ളത്. ഗോശാല കൃഷ്ണനും, നന്ദികേശ്വരനും ഉൾപ്പടെ ധാരാളം ഉപദേവതാപ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. ആദിശങ്കരന്റെ സമാധിയെന്നു കരുതുന്ന മണ്ഡപവും ക്ഷേത്രത്തിൽ കാണാം. രാവിലെ 4 .AM മുതൽ 11 AM വരെയും വൈകീട്ട് 4 PM മുതൽ 8.20PM വരെയുമാണ് ദർശനം.
ലോക പ്രശസ്തമായ തൃശൂർ പൂരം നടക്കുന്നത് വടക്കുംനാഥ ക്ഷേത്ര പരിസരത്താണ്, കണ്ണിനും കാതിനും വിരുന്നു നൽകുന്ന താളമേളങ്ങളും കുടമാറ്റം പോലെയുള്ള വർണ്ണാഭമായ പൂര ചടങ്ങുകളും നടക്കുന്നത് വടക്കും നാഥന്റെ മണ്ണിലാണ്. ആയിരക്കണക്കിന് വിദേശികളും സ്വദേശികളും ഈ ദൃശ്യ വിരുന്ന് കാണാൻ തൃശൂരിലെത്തിച്ചേരാറുണ്ട്. മഹാ ശിവരാത്രിയും ഇവിടെ പ്രധാനമാണ്, ലക്ഷദീപക്കാഴ്ചയും ഉണ്ടാകാറുണ്ട്.
മഹഭാരതത്തിലെ ചില രംഗങ്ങൾ ചുവര്ചിത്രങ്ങളിൽ കാണാം, കൂടാതെ കൂത്തമ്പലവും, ശില്പങ്ങളും, മരത്തിലുള്ള കൊത്തു പണികളും ഇവിടെ എത്തുന്നവർക്ക് നല്ലൊരു കാഴ്ചയാണ്. കൂത്തമ്പലത്തിനടുത്തുള്ള ഇലഞ്ഞിത്തറയിലാണ് പൂരക്കാലത്തെ പേരുകേട്ട ഇലഞ്ഞിത്തറ മേളം നടക്കുന്നത്. അമ്പലത്തിൽ ആനയൂട്ടും നടത്തി വരുന്നുണ്ട്.
പൂരത്തിലെ പ്രധാന അമ്പലങ്ങളായ പാറമേക്കാവും, തിരുവമ്പാടി ശ്രീ കൃഷ്ണക്ഷേത്രവും, ഭഗവതി ക്ഷേത്രവും വടക്കുന്നാഥക്ഷേത്രത്തിനടുത്താണ്. വടക്കുന്നാഥ ക്ഷേത്രം, തേക്കിൻകാട് മൈതാനം, നെഹ്‌റു പാർക്ക് എന്നിവ തൃശൂർ നഗരത്തിൻ്റെ മധ്യഭാഗത്തെ പ്രധാന ആകർഷണങ്ങളാണ്മാ. ത്യശൂർ പൂരത്തിനു തുടക്കം കുറിച്ച ശക്തൻ തമ്പുരാന്റെ പ്രതിമയും നഗരത്തിൽ മറ്റൊരു ആകർഷണമാണ്. വിശാലമായ തേക്കിൻ കാടു മൈതാനത്തിൽ ദിവസവും വൈകുന്നേരങ്ങളിൽ ധാരാളം ആളുകൾ വിശ്രമിക്കാനായി എത്തിച്ചേരാറുണ്ട്. ഐതിഹ്യവും ചരിത്രവും ഭക്തിയും ശാന്തതയും നിറഞ്ഞ അന്തരീക്ഷത്തിൽ ചിലവിട്ട നല്ലൊരു സംതൃപ്തിയോടെ തൊഴുതു മടങ്ങാം.
Leave a Reply