കോങ്കണ്ണ് ചികിത്സയിലൂടെ പരിഹരിക്കാന്‍ സാധിക്കും.
നോക്കുന്ന ദിശയില്‍ കണ്ണുകള്‍ ഒന്നിച്ച് നില്‍ക്കാത്ത അവസ്ഥയാണ് കോങ്കണ്ണ് (സ്‌ക്യുന്റ്/സ്ട്രാബിസ്മസ്). അതായത് ഒരാള്‍ ഒരു വസ്തുവിനെ നോക്കുമ്പോള്‍ ഒരു കണ്ണ് ആ വസ്തുവിലേക്ക് കേന്ദ്രീകരിക്കുകയും മറ്റേ കണ്ണ് അകത്തേക്കോ, പുറത്തേക്കോ, താഴേക്കോ, മുകളിലേക്കോ തിരിയുകയും ചെയ്യുന്നു. തല്‍ഫലമായി രണ്ടു കണ്ണുകള്‍ക്കും ഒരേസമയം ഒരേസ്ഥലത്തേക്ക് നോക്കുവാന്‍ കഴിയുകയില്ല.
കുട്ടികളില്‍ സാധാരണമായ നേത്രരോഗങ്ങളില്‍ ഒന്നാണ് കോങ്കണ്ണ്. കുട്ടികളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടുന്നു. ആരംഭത്തില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ പിന്നീടത് കാഴ്ചശക്തിയെ ബാധിച്ചേക്കാം. കോങ്കണ്ണ് മൂലം ആംബ്ലിയോപിയയുടെ (Lazy eye) ഫലമായി ഉണ്ടാകുന്ന കാഴ്ചനഷ്ടപ്പെടാതിരിക്കാന്‍ നേരത്തെയുള്ള രോഗനിര്‍ണയം അനിവാര്യമാണ്. മാത്രവുമല്ല കുട്ടികളിലും മുതിര്‍ന്നവരിലും പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു.
കാരണങ്ങള്‍
കണ്ണിന്റെയും കണ്പോളയുടെയും ചലനത്തെ നിയന്ത്രിക്കുന്ന പേശികൾ, എക്സ്ട്രാഒക്യുലർ പേശികൾ ഒരുമിച്ച് പ്രവർത്തിക്കാത്തതിനാലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. തൽഫലമായി, രണ്ട് കണ്ണുകൾക്കും ഒരേ സമയം ഒരേ സ്ഥലത്ത് നോക്കാൻ കഴിയില്ല.
കോങ്കണ്ണിന് പലപ്പോഴും വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരിക്കണമെന്നില്ല. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന റെറ്റിനോപ്പതി, സെറിബ്രല്‍ പാള്‍സി, അഞ്ചാംപനി പോലെയുള്ള ചില വൈറല്‍ അണുബാധകള്‍ കാരണമാകാം. മാതാപിതാക്കള്‍ക്ക് കോങ്കണ്ണ് ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൈപ്പര്‍മെട്രോപ്പിയ(Long Sightedness) ,മയോപ്പിയ (Short Sightedness), അസ്റ്റിഗ്മാറ്റിസം തുടങ്ങിയവയും കരണങ്ങളാകാം
കണ്ണിലെ പേശികളുടെ ബലഹീനത, ഓരോ കണ്ണുകളുടെയും ചലനം പേശികളാല്‍ നിയന്ത്രിക്കപ്പെടുന്നു (extraocular muscles). ഇവ ഓരോന്നും ഒരു പ്രത്യേക ദിശയിലേക്ക് വലിക്കുമ്പോഴാണ് കണ്ണുകള്‍ക്ക് ചലനമുണ്ടാകുന്നത്. കണ്ണിലെ പേശികള്‍ സമീകൃതമായി പ്രവര്‍ത്തിക്കാതിരുന്നാല്‍ കണ്ണുകള്‍ ശരിയായി നീങ്ങാതിരിക്കുകയും കോങ്കണ്ണ് ഉണ്ടാകുകയും ചെയ്യുന്നു.
കണ്ണ് തിരിയുന്ന രീതി വെച്ച് അല്ലെങ്കില്‍ കണ്ണിന്റെ സ്ഥാനം വെച്ച് കോങ്കണ്ണ് നാലായി തരംതിരിച്ചിരിക്കുന്നു.
- ഈസോട്രോപിയ: കണ്ണ് അകത്തേക്ക് തിരിഞ്ഞിരിക്കുന്നു
- എക്‌സോട്രോപിയ: കണ്ണ് പുറത്തേക്ക് തിരിഞ്ഞിരിക്കുന്നു
- ഹൈപോട്രോപിയ: കണ്ണ് താഴേക്ക് തിരിഞ്ഞിരിക്കുന്നു
- ഹെപ്പര്‍ട്രോപിയ: കണ്ണ് മുകളിലേക്ക് തിരിഞ്ഞിരിക്കുന്നു
യഥാസമയം ചികിത്സിച്ചില്ലെങ്കിൽ കോങ്കണ്ണ് ആംബ്ലിയോപിയ (Lazy eye) ആയിത്തീരാം. ആംബ്ലിയോപിയ, അഥവാ മടിയൻ കണ്ണ് , ഇത് കാഴ്ചയുടെ ഒരു തകരാറാണ്, രണ്ടു കണ്ണുകളും ഒരുമിച്ചു പ്രവത്തിക്കാതിരിക്കുപ്പോഴാണ് ഇത് സംഭവിക്കുന്നത്.
നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും കോങ്കണ്ണ് കാരണമാകുന്നു.
കോങ്കണ്ണ് കുട്ടികളിലും മാതാപിതാക്കളിലും നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. ഏകദേശം നാലുവയസ്സുള്ളപ്പോള്‍ തന്നെ കുട്ടികളെ ബാധിക്കാന്‍ തുടങ്ങുന്ന ഈ മാനസിക സാമൂഹിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കാതിരുന്നാല്‍, ആത്മവിശ്വാസകുറവ്, ഒറ്റപ്പെടല്‍, പരിഹാസം, ആശയവിനിമയത്തിനുള്ള ബുദ്ധിമുട്ട്, ഉത്ക്കണ്ഠ, വിഷാദരോഗം, ഹെപ്പര്‍ ആക്റ്റിവിറ്റി, പഠനവൈകല്യങ്ങള്‍, സഭാകമ്പം മുതലായവ കുട്ടികളില്‍ കാണുന്നു.
കുട്ടികൾ വായിക്കുമ്പോഴോ, ടിവിയും മറ്റും നോക്കിയിരിക്കുമ്പോഴോ പതിവായി തല ഒരുവശത്തേക്ക് തിരിക്കുക അല്ലെങ്കില്‍ ഒരു കണ്ണ് അടയ്ക്കുക, മുതിര്‍ന്നവരില്‍ കാണുന്ന ഡബിള്‍ വിഷന്‍ എന്നിവ കണ്ടാല്‍ പരിശോധനകള്‍ ആവശ്യമാണ്.
നേരത്തെതന്നെ രോഗനിര്‍ണയം നടത്തി ചികിത്സിക്കുകയാണെങ്കില്‍ കാഴ്ചാനഷ്ടം തടയുവാനും നഷ്ടപ്പെട്ട കാഴ്ച പൂര്‍ണമായും വീണ്ടെടുക്കാനും സഹായിക്കും. കാഴ്ചശക്തിയുടെ വികാസം ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ സംഭവിക്കുന്നതിനാല്‍ ആദ്യവര്‍ഷങ്ങളില്‍ തന്നെ കുട്ടികള്‍ക്ക് സമഗ്രമായ കാഴ്ച പരിശോധനകള്‍ നടത്തേണ്ടതാണ്. ആറുവയസ്സിന് മുന്‍പുള്ള ചികിത്സയാണ് കൂടുതല്‍ ഫലപ്രദമെങ്കിലും ഏതു പ്രായക്കാര്‍ക്കും കോങ്കണ്ണ് ചികിത്സയിലൂടെ പരിഹരിക്കാന്‍ സാധിക്കും.
ചികിത്സകളും പരിഹാരങ്ങളും
കണ്ണടകള്‍: ഹെപ്പര്‍മെട്രോപിയ അല്ലെങ്കില്‍ ദീര്‍ഘദൃഷ്ടിയാണ് കോങ്കണ്ണിന് കാരണമാകുന്നതെങ്കില്‍ കണ്ണടകള്‍ ഉപയോഗിച്ച് അത് ശരിയാക്കാനാകും.
നേത്ര വ്യായാമങ്ങള്‍: കണ്ണിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്ന പേശികള്‍ക്കുള്ള ഈ വ്യായാമങ്ങള്‍ കണ്ണുകള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ഇതിലൂടെ കണ്ണിലെ പേശികള്‍ക്ക് ക്രോഡീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കാനാകും.
ശസ്ത്രക്രിയ: കോങ്കണ്ണിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയാണിത്. വളരെക്കാലമായി കോങ്കണ്ണ് ചികിത്സിച്ചില്ലെങ്കിലും കണ്ണുകളുടെ വിന്യാസം മെച്ചപ്പെടുത്താനും കാഴ്ചശക്തി വീണ്ടെടുക്കാനും ഇത് സഹായിക്കും. ആദ്യഘട്ടത്തില്‍ തന്നെ ഈ അവസ്ഥ ശരിയാക്കുന്നത് വളരെ നല്ലതാണ് എന്നതിനാല്‍ ശസ്ത്രക്രിയ കുട്ടികളില്‍പോലും സുരക്ഷിതമായി നടത്താന്‍ കഴിയും. ഇത് ഏതുപ്രായക്കാര്‍ക്കും സ്വീകരിക്കാവുന്ന ചികിത്സയാണ്.
ശസ്ത്രക്രിയയിലൂടെ കണ്ണിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ചില പേശികളെ (extraocular muscles) ബലപ്പെടുത്താനും അയവുള്ളതാക്കാനും സാധിക്കുന്നു. അങ്ങനെ കണ്ണുകള്‍ക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. അപ്പോള്‍ ഇത് രണ്ട് കണ്ണുകളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ സംയോജിപ്പിക്കാന്‍ കണ്ണുകളെ സഹായിക്കും.
ശസ്ത്രക്രിയ കഴിഞ്ഞ അന്നുതന്നെ രോഗികള്‍ക്ക് വീട്ടിലേക്ക് മടങ്ങാം എന്നതാണ് ഇതിന്റെ പ്രത്യേകത. കിടത്തി ചികിത്സയൂടെയോ ദീര്‍ഘകാല വിശ്രമത്തിന്റെയോ ആവശ്യമില്ല.
കുട്ടികളുടെ നേത്ര സംബന്ധമായ പ്രശ്ന പരിഹാരത്തിന് കൊച്ചി കടവന്ത്രയിൽ പ്രവർത്തിക്കുന്ന ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റ്യൂട്ടിൽ ആധുനിക സജ്ജീകരണങ്ങളോടെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ ലോട്ടസ് ഐ ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റ്യൂട്ട്
Leave a Reply