മാംഗോ മെഡോസ് എന്ന ഒരു വിസ്മയ ലോകത്തേക്കാണ് നാം പോകുന്നത് , ഈ അത്ഭുത കാഴ്ച കോട്ടയം ജില്ലയിൽ കടുത്തുരുത്തിക്കടുത്തു ആയാംകുടിയിലാണ് . നഗരത്തിനടുത്തു മനുഷ്യ നിർമ്മിതമായ കാടും, മരക്കൂട്ടങ്ങളും, പലതരം ചെടികളും, പൂന്തോട്ടവും, കുളങ്ങളും, കൃഷിത്തോട്ടവും, കന്നുകാലി ഫാമും, മത്സ്യക്കുളവും ഉൾപ്പെടുന്ന ഒരു പാർക്കാണിത് . കുട്ടികൾക്കും മുതിർന്നവർക്കും രസിക്കാൻ പറ്റിയ എല്ലാ തരം ചേരുവകളും ഇവിടെ ഒരുക്കിയിട്ടുണ്ട് . പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള നല്ല ഒരു അവസരമാണ് ടൂറിസ്റ്റുകൾക്ക് ഇവിടെ കിട്ടുന്നത്. റൈഡുകളായ ഗോകാർട്ട് , പെഡൽ ബോട്ടിങ് , റോബോട്ടിങ് , ഇലക്ട്രിക്ക് കാർ ,സൈക്ലിംഗ്, ആർച്ചറി, ഷൂട്ടിംഗ്, എന്നിവയും സ്വയം മൺപാത്ര നിർമ്മാണത്തിൽ പങ്കെടുക്കാനുള്ള ഒരവസരവും , നാം ഉണ്ടാക്കിയവ സ്വന്തമാക്കാനും ഇവിടെ കഴിയും. പാടങ്ങളും, കുളങ്ങളും, വൃക്ഷങ്ങളും എല്ലാം ചേർന്ന മാംഗോ മെഡോസ് തീർച്ചയായും മറ്റു പാർക്കുകളിൽനിന്നു തികച്ചും വ്യത്യസ്തമാണ് . ഇവിടുത്തെ റിസോർട്ടിലെ താമസവും, സ്വാദിഷ്ടമായ ഭക്ഷണവും അവധിക്കാലം മറക്കാനാകാത്ത അനുഭവമാക്കും.
പ്രധാന ആകർഷണങ്ങൾ:
ഏദൻ ഗാർഡൻ, നക്ഷത്ര ജംഗ്ഷൻ, വാലന്റൈൻ ഗാർഡൻ, ഫാം,ടീ ഗാർഡൻ, ടെലിസ്‌കോപ്പ് ടവർ, മീനൂട്ട് പാലം, വെജിറ്റബിൾ ഫാം എന്നിവയാണ് പാർക്കിലെ പ്രധാന ആകർഷണങ്ങൾ. ഉയരം കൂടിയ പരശുരാമ പ്രതിമയും, ബൈബിൾ പ്രതിമയും കൗതുകം ഉണർത്തുന്നു. ഡേ ടൂർ,റിസോർട് ടൂർ ,ആയുർവേദ ചികിത്സ, സുഖവാസം, വാച്ച് ടവർ, മറൈൻ അക്വാറിയം, സർപ്പക്കാവ് , ചീനവല എന്നിവയെല്ലാം മാംഗോ മെഡോസിനെ ആകർഷകമാക്കുന്നു.
1900 ഇനം ഔഷധ സസ്യങ്ങൾ, 700 ഇനം വൃക്ഷങ്ങൾ, 900 ഇനം പൂച്ചെടികൾ എന്നിവയുൾപ്പെടെ 4800 ലധികം സസ്യങ്ങളുള്ള മാംഗോ മെഡോസ് ഭൂമിയിലെ ഏറ്റവും ജൈവ വൈവിധ്യമാർന്ന പാർക്കുകളിൽ ഒന്നാണ്. പല തരം പഴങ്ങൾ, പച്ചക്കറികൾ, പലതരം മാവുകൾ, കർപ്പൂര മരം, രുദ്രാക്ഷം തുടങ്ങിയ പല അപൂർവ മരങ്ങളും വിദേശത്തു നിന്നുള്ള മരങ്ങളും സസ്യങ്ങളും ചുറ്റി നടന്നു കാണാൻ കേബിൾ കാറു പോലുള്ള വാഹനങ്ങളും ഇവിടെഉണ്ട് . പാർക്കിൽ മരങ്ങളെപ്പറ്റി അറിയാൻ ഗൈഡിന്റെ സഹായം തേടണം.
ഏദൻതോട്ടം: ഇവിടെയുള്ള ആദമിന്റെയും ഔവ്വയുടെയും പ്രതിമ ആരെയും ആകർഷിക്കും. ബൈബിളിൽ പറഞ്ഞിരിക്കുന്ന അത്ഭുത പഴം, ഇസ്രായേൽ ഓറഞ്ച് , ചെറി പഴം ആപ്പിൾ,മാങ്കോസ്റ്റിൻ എന്നീ പഴങ്ങൾ ഇവിടെയുണ്ട്. പുരാണ ഇതിഹാസങ്ങളിൽ പറഞ്ഞിട്ടുള്ള പലതരം മരങ്ങളും, മലയാളത്തിലെ എഴുത്തുകാരായവൈക്കം മുഹമ്മദ് ബഷീറിന്റെയും ,ഓ.വി. വിജയന്റെയും കഥകളിലൂടെ പ്രശസ്തമായ പല മരങ്ങളും ഇവിടെ ഉണ്ട്. ബോധി വൃക്ഷവും,കരിമ്പനയും,കടമ്പ് മരവും, കാഞ്ഞിരവും ഏദൻ തോട്ടത്തെ സുന്ദരമാക്കുന്നു.മനുഷ്യർ പ്രകൃതിയുമായ് ഇണങ്ങി ചേർന്നു ജീവിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് ഇവിടെ വരുമ്പോൾ ബോധ്യപ്പെടും.
കാർഷിക ഫാം: ആളുകൾക്ക് നേരിട്ട് ഇവിടെ നിന്ന് പച്ചകറികൾ വാങ്ങാം. ഫാം നേരിട്ട് ചുറ്റിക്കാണാൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന റിക്ഷാ വണ്ടികളും, ചവിട്ടിപോകാവുന്ന കാറുകളും ഉണ്ട്. എല്ലാവിധ പച്ചക്കറികളും, ധാരാളം വാഴകളും, നെൽപ്പാടങ്ങളും ഇവിടെ ഉണ്ട് . ജലാശയങ്ങൾക്കു മുകളിലൂടെ നടക്കാം . താഴെ നീന്തുന്ന മീനുകളെ കാണാം.
പ്രകൃതിക്ക് യാതൊരു ദോഷവും ബാധിക്കാത്ത വിധത്തിലുള്ള കൃഷിരീതികളാണ് ഇവിടെ ചെയ്യുന്നത്. വിഷരഹിത പച്ചക്കറിയുടെ ഉപയോഗം ആളുകൾക്ക് അനുഗ്രഹമാണ്. ചക്രം ചവിട്ടലും , നാടന്പാട്ടിന്റെ അന്തരീക്ഷവും പഴയ കൃഷിക്കാലത്തെ ഓർമ്മിപ്പിക്കും.
നക്ഷത്ര കവല: ഓരോ നാളിനുസരിച്ചൂള്ള മരങ്ങൾ ഈപാർക്കിൽ കാണാം. മനുഷ്യനും മരങ്ങളും തമ്മിലുള്ള ബന്ധം നമ്മെ ഓർമ്മിപ്പിക്കുന്നു.
വാലന്റൈൻ ഗാർഡൻ: ഈ ഗാർഡനിൽ പ്രണയികളായവർക്കു വന്നിരിക്കുവാനും ഈ പൂന്തോട്ടത്തിലെ പൂക്കളുടെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കാനും കഴിയുന്നു, ശാന്തമായ ഈ അന്തരീഷം ആരും ഇഷ്ടപ്പെടും. അതി വിശാലമായ ഈ ഗാർഡനിൽ എല്ലാത്തരം ചെടികളും,പൂക്കളും ഉണ്ട്. ടി ഗാർഡൻ, സ്‌പൈസസ് ഗാർഡൻ, ഔഷധ ചെടികൾ എന്നിവയും ഗാർഡന്റെ ഭംഗി കൂട്ടുന്നു. പലതരം മുളകൾ ഇവിടെ ചുറ്റും ഭംഗിയായി നിൽക്കുന്നു.
കന്നുകാലി ഫാം: ഇവിടുത്തെ കന്നുകാലി ഫാമിൽ ധാരാളം പശുക്കളും, ആടുകളും, മുയലുകളും, താറാവുകളും കോഴികളും, കൂടാതെ പല ഇനത്തിൽപ്പെട്ട വളർത്തു നായ്ക്കളും ഉണ്ട്.
കോട്ടേജുകൾ : കൂട്ടുകുടുംബമായി താമസിക്കാവുന്ന് നാലുകെട്ടുകൾ മുതൽ ഹണിമൂൺ കോട്ടേജുകൾ വരെ ഇവിടെ ഉണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള ഈ കോട്ടേജുകളിലെ താമസം രസകരമായിരിക്കും. കുളങ്ങളുടെ മുകളിലുള്ള കോട്ടേജുകളിലെ തറയിലെ പരവതാനി മാറ്റിയാൽ താഴെ മീനുകളെ കാണാം. ഇവിടെ താമസിക്കുന്നവർക്ക് ഫാമിലെ പച്ചക്കറികളും പഴങ്ങളും വിളവെടുക്കാനും കഴിയും.
മീനൂട്ട് പാലം: പലതരം മീനുകൾ,അലങ്കാര മത്സ്യങ്ങൾ എന്നിവ കുളത്തിൽ ഉണ്ട്. മീനുകൾക്ക് ഭക്ഷണം കൊടുക്കാനും, നമുക്ക് മീൻ പിടിക്കാനും, പിടിച്ച മീൻ കറി വെച്ചു കഴിക്കാനും ഇവിടെ സൗകര്യമുണ്ട്.
സർപ്പക്കാവ്: പഴയ കാലത്തെപ്പോലെ ഒരു സർപ്പക്കാവും ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. പുള്ളുവൻ പാട്ടു കേൾക്കാനും സൗകര്യമുണ്ട് .ചുറ്റും മരങ്ങളും ചെടികളും ഉള്ള ഇവിടം നമ്മെ പ്രകൃതിയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നു .ഇവിടുത്തെ ശാന്തമായ അന്തരീക്ഷം
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് നഗരവാസികൾക്ക് വലിയ ആശ്വാസം ആകും.
ബോട്ടിംഗ് : പാടശേഖരങ്ങൾക്കിടയിലൂടെയുള്ള ഷിക്കാര ബോട്ടിംഗ്, സ്പീഡ് ബോട്ട് യാത്ര ഇവ അത്യാകർഷകമാണ് . കുട്ടവഞ്ചിയിലുള്ള യാത്രയും രസകരമാണ്. അവിടെ നാലു മരങ്ങൾ ചേർന്നു നിൽക്കുന്ന നാല്പാമര വഞ്ചിയും ഉണ്ട് .
ഡേ ടൂർ, റിസോർട്ട് ടൂർ, ആയുർവേദ ചികിത്സ, സുഖവാസം, വാച്ച് ടവർ, മറൈൻ അക്വാറിയം,സപ്പ കാവ് , ചീനവല എന്നിവയെല്ലാം മാംഗോ മെഡോസിന്റെ പ്രത്യകതകളാണ്.ഇവിടെ കാറ്റിൽ നിന്നും സൗരോർജ്‌ജത്തിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നു.വലിയ ഒരു കോൺഫറൻസ് ഹാളും ഇവിടെ ഉണ്ട്.കുട്ടികളുടെ പാർക്കും, നീന്തൽ കുളവും, ചൂണ്ടയിട്ടുള്ള മീൻപിടുത്തവും , മീനൂട്ടും , പലതരം വാഹനങ്ങളിലുള്ള ചുറ്റിക്കാണലും കുട്ടികളെ നന്നായി ആകർഷിക്കുന്നു. അവധിക്കാലം നല്ല ഉല്ലാസമാക്കാൻ മാംഗോ മെഡോസ് പോലെ മറ്റൊരിടമില്ല.
Leave a Reply