സാമ്പാറിലും രസത്തിലും രുചിപകരുന്ന മല്ലിയിലയെ ആർക്കും അവഗണിക്കാൻ പറ്റില്ല. മല്ലിയില ചട്‌നി മസാലദോശയുടെ രുചി കൂട്ടും. അങ്ങനെ ഭക്ഷണ വിഭവങ്ങളിൽ മല്ലിയിലയ്ക്കു വലിയൊരു സ്ഥാനമുണ്ട്.
മല്ലിയിലയിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. മല്ലിയിലയിൽ വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു. ഇത് രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.
ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്‌നങ്ങൾ തടയാനും അസ്ഥികളുടെ ആരോഗ്യത്തിനും വിറ്റാമിൻ കെ സഹായിക്കുന്നു. കൂടാതെ, ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഇതു സഹായകരമാണ്.
മല്ലിയിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിന് പ്രധാനമാണ്. ഫ്രീ റാഡിക്കലുകൾ കോശങ്ങളെ നശിപ്പിക്കുകയും ക്യാൻസർ, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. എന്നാൽ മല്ലിയിലയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
വീട്ടിൽ മല്ലിയില നട്ടാലോ?
മല്ലി വിത്ത് വാങ്ങി മൃദുവായി ചതച്ച ശേഷം 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനു ശേഷം വിത്ത് വെള്ളത്തിൽ നിന്ന് മാറ്റിവയ്ക്കണം. നേരിട്ട് ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. കട്ടൻ ചായ വെള്ളത്തിലോ, കറുവപ്പട്ട 2 സ്പൂൺ എടുത്തു പൊടിച്ചു വെള്ളത്തിൽ കലക്കി അതിലോ വിത്തുകൾ ഇട്ടു വെയ്ക്കുന്നത് മുളപ്പിക്കാനുള്ള മറ്റു മാർഗ്ഗങ്ങളാണ്. മണ്ണിൽ വിത്തുകൾ അരയിഞ്ചു താഴ്ചയിൽ നട്ട ശേഷം മുകളിൽ മണ്ണിടാം. വെള്ളം തളിച്ച് കൊടുക്കണം. വിത്തുകൾ പത്തോ പന്ത്രണ്ടോ ദിവസമാകുമ്പോൾ മുളച്ചു തുടങ്ങും.
ചെടിയുടെ വളർച്ചയ്ക്ക് പോഷകങ്ങൾ ആവശ്യമായതിനാൽ ശരിയായ രീതിയിൽ മണ്ണ് ട്രീറ്റ് ചെയ്യണം. ചുവന്ന മണ്ണും മണ്ണിര കമ്പോസ്റ്റും ചകിരിച്ചോറും ഈ അനുപാതത്തിൽ ആവശ്യമാണ് (40: 40: 20). മണ്ണിൽ കീടബാധയില്ലാതെയിരിക്കാൻ ഓരോ പാത്രത്തിലും ഒരു പിടി വേപ്പിൻ പിണ്ണാക്ക് ചേർക്കുക. 6. 2 മുതൽ 6.8 വരെ പി.എച്ചു മൂല്യമുള്ള മണ്ണിൽ നടാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ വേണം നടാൻ. നല്ല സൂര്യ പ്രകാശമുള്ള സ്ഥലമായിരിക്കണം. കുറഞ്ഞത് 6 ഇഞ്ച് ഉയരമുള്ള കണ്ടെയ്നർ/ഗ്രോ ബാഗ് എടുക്കുക. വെയിലത്ത് 12X6 അല്ലെങ്കിൽ 18X6 ഇഞ്ച് ഗ്രോ ബാഗുകൾ അല്ലെങ്കിൽ ആവശ്യാനുസരണം അതിലും വലുത് ഉപയോഗിക്കാം.
ചെടികൾ പതിവായി പരിശോധിച്ച് കീടങ്ങളെ അകറ്റാൻ വേപ്പെണ്ണയും പഞ്ചഗവ്യവും തളിക്കുക.
ചെടികൾ വളർത്താൻ ആവശ്യമായ പോഷകങ്ങൾ മണ്ണിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഓരോ പാത്രത്തിലും ഓരോ 10-15 ദിവസത്തിലും ഒരു പിടി കമ്പോസ്റ്റ് ചേർക്കുക. കളകൾ പറിച്ചു കളയണം .
എളുപ്പത്തിൽ മുളയ്ക്കും വിത്തുകൾ
മുളപ്പിക്കാൻ നല്ലയിനം വിത്തുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി കിട്ടും. എളുപ്പത്തിൽ മുളയ്ക്കും, എല്ലാ വിത്തുകളും മുളക്കും, കീടബാധ ഉണ്ടാകില്ല ഇതൊക്കെ ഈ വിത്തുകളുടെ പ്രത്യേകതയാണ്.
Leave a Reply