എല്ലാത്തരം പച്ചക്കറികളും എല്ലാ കാലാവസ്ഥയിലും വളരില്ല. വരണ്ട വേനലിൽ നടാൻ പറ്റിയ പച്ചക്കറിയിനങ്ങളാണ് വെണ്ടയും, വഴുതനയും, പയറും, ചീരയും, തക്കാളിയും. ഇവ നിത്യവും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവയുമാണ്. ശരീരത്തിന്റെ എല്ലാ പോഷകാവശ്യങ്ങളെയും നിറവേറ്റാൻ ഈ പച്ചക്കറികൾക്ക് കഴിയും.
നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിൽ രാവിലെ ഒന്ന് ചെന്നാൽ ഒരു ദിവസത്തെ കറിക്കുള്ളത് കിട്ടും എന്ന സ്ഥിതി ഉണ്ടാവണം. പ്രയാസപ്പെട്ട് പീടികയിൽ പോകാതെ കാര്യങ്ങൾ നടത്താം. വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ അവരവരുടെ ആവശ്യത്തിനുവേണ്ടത് അടുക്കളത്തോട്ടത്തിൽ നട്ടുപിടിപ്പിക്കാം. സഹായത്തിനു കുട്ടികളെയും വിളിക്കാം. അവർക്കും പ്രകൃതിയുമായി ഒരടുപ്പം ഉണ്ടാകും.
കുറച്ചു ഭാവനയുണ്ടെങ്കിൽ അടുക്കളത്തോട്ടം വീട്ടിലെ മനോഹരയിടമാക്കാം, പടരുന്ന ചെടികൾ എല്ലാം ഒരുവശത്തു നടാം, വള്ളികൾ പടർത്താനും വിളവെടുക്കാനും എളുപ്പമാകും. ഇലക്കറികൾ എല്ലാം ഭംഗിയായി ഒരുമിച്ചു നടാം. പലതരം മുളകുകൾ, അവയും ഒരു വരിയിൽ നട്ടു പിടിപ്പിക്കാം. ബന്ദി പൂക്കൾ നട്ടുപിടിപ്പിച്ചാൽ വിളവുകളെ കീടബാധയിൽ നിന്നും രക്ഷിക്കാം, തോട്ടം സുന്ദരവുമാകും.
വെണ്ട
ഒരു വേനൽക്കാല വിളയാണ് വെണ്ട.
ഗുണങ്ങൾ
ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള രുചിയുള്ള പച്ചക്കറിയാണിത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, എൻസൈമുകൾ, കാൽസ്യം, പൊട്ടാസ്യം, എന്നിങ്ങനെ പല പോഷകങ്ങളുടെയും നല്ല ഉറവിടമാണിത്.
നടീൽ
നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രമേ കൃഷിക്കുപയോഗിക്കാവൂ. വേഗത്തിലും ഫലപ്രദമായും മുളയ്ക്കുന്നതിന്, വിത്തുകൾ ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ സ്യുഡോമോണസ് വെള്ളത്തിൽ കുതിർക്കണം. വിത്തുകൾ പോട്ടിങ് മിശ്രിതം നിറച്ച ട്രേയിലോ ഗ്ലാസ്സിലോ നടാം. വിത്തുകൾ ഒരുപാടു ആഴത്തിൽ നടേണ്ട. വിത്തുകൾ തണലിൽ വയ്ക്കാം. മുളച്ച വിത്തുകൾ നന്നായി ട്രീറ്റ് ചെയ്ത ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. ഇവ ഗ്രോ ബാഗിലോ മണ്ണിലോ വളർത്താം.മണ്ണ് കുമ്മായം, ചകിരിച്ചോർ, ചാണകപ്പൊടി, പിണ്ണാക്ക്, എല്ലുപൊടി എന്നിവയിട്ട് ഇളക്കി വെള്ളം ഒഴിച്ച് കുറച്ചു ദിവസം വെച്ച ശേഷം വേണം മുളപ്പിച്ച തൈകൾ നടാൻ. കമ്പോസ്‌റ്റും ചേർക്കാം. തൈകൾ തമ്മിൽ കുറച്ചുകാലം വേണം. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടുകൊടുക്കാം
പയർ
പയർ ഒരു വേനൽ വിളയാണ്. പലതരം പയറിനങ്ങളുണ്ട്, പോഷകങ്ങളുടെ കലവറയാണിത്. രുചിയിൽ വളരെ മുന്നിലാണ് പയർ. നിത്യവും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മെഴുക്കുപുരട്ടിയായോ, തോരനായോ സാധാരണയായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്.
ഗുണങ്ങൾ
വൈറ്റമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ്.
രോഗപ്രതിരോധത്തിനും, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഒരു പോഷക ശക്തികേന്ദ്രമാണ്. മലബന്ധം തടയുകയും ചെയ്യുന്നു.
നടീൽ
വീട്ടിലെ അടുക്കളത്തോട്ടത്തിൽ വള്ളി പയർ നട്ടു പിടിപ്പിക്കാം. ചാലുകളെടുത്തു മണ്ണിലും നടാം. വിത്തുകൾ കുതിർത്ത ശേഷം നടാം. ഒരു ഇഞ്ച് ആഴത്തിൽ വിത്തുകൾ നടുക, അവ വളക്കൂറുള്ള മണ്ണിൽ നന്നായി വളരും. തൈകളാക്കിയ ശേഷം മാറ്റി നടാം. മണ്ണ് കുമ്മായമിട്ട് ട്രീറ്റ് ചെയ്യണം. ജൈവ വളങ്ങളായ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ കൂട്ടി കലർത്തി ഗ്രോ ബാഗിൽ നിറയ്ക്കാം. കടലപിണ്ണാക്ക്, കമ്പോസ്റ്റ്, ഇവ ഇടയ്ക്ക് മണ്ണിനൊപ്പം ഇട്ടു കൊടുക്കാം. ഫിഷ് അമിനോ, പിണ്ണാക്കിന്റെ തെളി ഇവ ആഴ്ചയിൽ ഒരിക്കൽ തളിച്ച് കൊടുക്കണം.
വഴുതന
കൊടും ചൂടിലും നന്നായി വളരുന്ന പച്ചക്കറിയാണ് വഴുതന. ഒരു വഴുതന രണ്ടു വർഷത്തോളം കായ് ഫലം തരുന്നു. അടുക്കള തോട്ടത്തിൽ ഒഴിവാക്കാനാകത്ത പച്ചക്കറിയാണ് വഴുതന.
ഗുണങ്ങൾ
ധാരാളം ഗുണങ്ങൾ ഇതിനുണ്ട്. ശരീര ഭാരം കുറയ്ക്കാൻ, ഹൃദയാരോഗ്യത്തിന് എന്നിങ്ങനെ നമ്മുടെ ശരീരത്തിന് ഗുണകരമായ ഒരു പച്ചക്കറിയാണ് വഴുതന.
നടീൽ
വിത്ത് നടാനെടുക്കുമ്പോൾ മുതൽ കീട സംരക്ഷണം തുടങ്ങണം. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വച്ചിട്ടു മാത്രമേ നടാവൂ. വഴുതനയെബാധിക്കുന്ന കീടമാണ് കായ തുരപ്പനും, തണ്ട് തുരപ്പനും. ഇതു ഇലകളെയും കായകയെയും മുകുളങ്ങളെയും നശിപ്പിക്കുന്നു. അവ വികൃതമാക്കുന്നു. ഇവയെ നശിപ്പിക്കാൻ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ഒഴിച്ചാൽ മതി. അത്പോലെ ഇലകളിൽ കാണുന്ന ചിത്ര കീടങ്ങളെ ഒഴിവാക്കാനും വേപ്പെണ്ണ വെളുത്തുളളി മിശ്രിതം തളിച്ചാൽ മതി.
Leave a Reply