വീട്ടിലെ പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കളത്തോട്ടം. നമുക്ക് വേണ്ട ഭക്ഷ്യ സാധനങ്ങളും, നല്ല കാറ്റും, നല്ല പച്ചപ്പും, അവിടെ കിട്ടും. അവിടുത്തെ പൂക്കളും, വിളകളും നല്ല സന്തോഷമാണ് നൽകുന്നത്. കുടുംബവുമൊത്തു വേനൽക്കാലത്തു ചിലവഴിക്കാൻ പറ്റിയയിടം. അടുക്കളത്തോട്ടത്തിൽനിന്നും പണലാഭം മാത്രമല്ല പാചകം ചെയ്യാനുള്ള താത്പര്യവും ലഭിക്കും ഒപ്പം വിഭവങ്ങൾക്ക് സ്വാദും കിട്ടും.
കുട്ടികൾക്ക് സ്വന്തം നിലയിൽ പല കാര്യങ്ങളും അടുക്കളത്തോട്ടത്തിൽ ചെയ്യാൻ കഴിയും. മനോഹരമായി അടുക്കളത്തോട്ടം ഡിസൈൻ ചെയ്യാൻ, ഗ്രോ ബാഗുകളും ചട്ടികളും എങ്ങനെ ക്രമീകരിക്കാം, ഓരോ വിളകളും എവിടെയൊക്കെ വെയ്ക്കണം, എന്നിങ്ങനെ പല കാര്യങ്ങളും ചെയ്യാം. ഇതവരുടെ ഭാവനാലോകത്തെ വളർത്തും.
മണ്ണൊരുക്കുന്നതു മുതൽ കുട്ടികളെ പങ്കെടുപ്പിക്കണം. കൃഷി ശാസ്ത്രീയമായി ചെയ്യേണ്ടതിന്റെ ആവശ്യകത അവർ മനസ്സിലാക്കും. മണ്ണിന്റെ ഘടന, എങ്ങനെ മണ്ണ് പോഷകമൂല്യമുള്ളതാക്കാം, അതിന് മണ്ണിൽ എന്തെല്ലാം ചേർക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ കുട്ടികൾ അനുഭവത്തിലൂടെ മനസ്സിലാക്കും.
പച്ചക്കറികളുടെ പോഷക പ്രാധാന്യവും അവയിലടങ്ങിയിരിക്കുന്ന ജീവകങ്ങളും ധാതുക്കളും എന്തൊക്കെയാണെന്നും, അവ നമ്മുടെ ശരീരത്തിന് നൽകുന്ന ഗുണങ്ങളും മനസ്സിലാക്കാം. പോഷകങ്ങളുടെ പ്രാധാന്യവും, അവ കഴിക്കേണ്ടതിന്റെ ആവശ്യകതയും, അവർ കഴിക്കുന്ന ഭക്ഷ്യ വിളകൾ
നട്ടു പിടിപ്പിക്കാനും പാചകം ചെയ്യാനും അവർ പഠിക്കും. ഇതവരെ സ്വയം പര്യാപ്തരാക്കും.
രാസവളങ്ങളുടെ ദോഷവശങ്ങൾ മനസ്സിലാക്കി പ്രകൃതിയോടിണങ്ങി ജീവിക്കാനും അടുക്കളത്തോട്ടം അവരെ പ്രാപ്തരാക്കും. ജൈവകൃഷിയുടെ പ്രാധാന്യം അവർ തിരിച്ചറിയും. എളുപ്പത്തിൽ നടാൻ പറ്റിയ വിളകളായ ചീര, വഴുതന, വെണ്ട എന്നിങ്ങനെ ആദ്യം തുടങ്ങാം. ചെടിക്കു വേണ്ട പരിചരണങ്ങൾ കൊടുക്കുവാനും വെള്ളം ഒഴിക്കാനും അവരെ കൊണ്ട് ചെയ്യിക്കാം.
Leave a Reply