കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ആലപ്പുഴ ആരെയും ആകർഷിക്കുന്ന മനോഹാരിതയാണ് നമുക്ക് സമ്മാനിക്കുന്നത്. ജീവിതത്തിലെ തിരക്കുകൾ എല്ലാം മാറ്റിവച്ചു ഒരു പുത്തനുണർവിനായി ധാരാളം സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്. പുഞ്ചപ്പാടങ്ങളുംകായലോരങ്ങളും, പുഴയും കടലും ഒക്കെയുള്ള ആലപ്പുഴയുടെ മറ്റൊരു വിസ്മയമാണ് ഇവിടുത്തെ ഹൗസ്ബോട്ടുകൾ.
പഴയ കെട്ടുവള്ളങ്ങൾ മോടിപിടിപ്പിച്ചു അത്യുഗ്രൻ ആഡംബര നൗകകളായി മാറ്റിയിരിക്കുന്നു. അവധിക്കാലമായാൽ തിരക്കോടു തിരക്ക് തന്നെ. ഇവരിൽ സ്വദേശികളും വിദേശികളും ഉൾപ്പെടും. വിശാലമായ കായൽപ്പരപ്പിലൂടെ ചുറ്റും തെങ്ങിൻനിരകളും പച്ചപ്പും കണ്ടുകൊണ്ടുള്ള ഈ യാത്ര മനസ്സിനും ശരീരത്തിനും നല്ല ഉന്മേഷം നൽകും.ആലപ്പുഴയിൽ ധാരാളം ഹൗസ്‌ബോട്ടുകൾ ഉണ്ട് ഏതാണ്ട് എഴുന്നൂറോളം രജിസ്റ്റേർഡ് ഹൗസ്ബോട്ടുകൾ ഉണ്ട്.
ഡബിൾ ബെഡ്‌റൂം ഹൗസ് ബോട്ടിൽ ഓവർ നൈറ്റ് സ്റ്റേ ചെയ്തായിരുന്നു യാത്ര. ഹൗസ്സ്ബോട്ടിലെ വെൽക്കം ഡ്രിങ്കിൽ തുടങ്ങിയാണ്, യാത്ര ആരംഭിച്ചത്. ഹൗസ്ബോട്ടുകൾ തന്നെ പല കാറ്റഗറികളിലുണ്ട്, ഇതൊരു ഡീലക്സ് ഹൗസ് ബോട്ടായിരുന്നു. പഴയ കെട്ടുവള്ളം മോഡൽ. ഇത് ഫുള്ളി എയർ കണ്ടിഷൻഡ് അല്ല, എന്നാൽ ബെഡ്‌റൂം രാത്രി 9 മുതൽ രാവിലെ 11 വരെ എയർ കണ്ടീഷൻ ലഭ്യമാണ്. മുഴുവൻ എയർ കണ്ടീഷൻ ചെയ്തവയാണ് പ്രീമിയവും ലക്ഷുറിയും ഹൗസ്‌ബോട്ടുകൾ. പരിചയ സമ്പന്നരാണ് സാരഥികൾ.
യാത്ര പള്ളാത്തുരുത്തിയിൽ തുടങ്ങി, നേരെ പോയത് നെഹ്‌റു ട്രോഫി ഫിനിഷിങ് പോയിന്റിലേക്കായിരുന്നു. ഇവിടേക്കു എല്ലാ ഹൗസ്ബോട്ടുകളും എത്താറുണ്ട്. അവിടെ ചാച്ചാ നെഹ്രുവിന്റെ പ്രതിമ കാണാം. സ്റ്റാർട്ടിങ് പോയിന്റിൽ ബോട്ട് ജെട്ടി മാത്രം പ്രത്യേകിച്ചൊന്നും മറ്റൊന്നുമില്ല. ഹൗസ് ബോട്ടിലെ ഭക്ഷണം അതി ഗംഭീരമാണ്, കരിമീനും, ഞണ്ടും സ്‌പെഷ്യൽ ഐറ്റംസ് ആയിരുന്നു. പിന്നെ മറ്റ് വിഭവങ്ങൾ എല്ലാം കൂട്ടി ഊണും.
ഫാമിലിയായോ, കൂട്ടുകാരോടൊപ്പമോ വർത്തമാനമൊക്കെ പറഞ്ഞു കായൽ പരപ്പിലൂടെയുള്ള ഈ യാത്ര വളരെ രസകരമാണ്. ഈ യാത്രയിൽ ഗ്രാമീണജീവിതവും നാടൻ വഴികളും കാണാം. ചൂണ്ടയിട്ട് മീൻപിടിക്കലിനും അവസരമുണ്ട്. പമ്പയിലൂടെ സഞ്ചരിച്ചു പുന്നമടക്കായലിൽ പ്രവേശിച്ചു, പിന്നീട് വിശാലമായ വേമ്പനാട് കായലിലേക്ക് യാത്ര നീളും. മൂന്നാറുകൾ ചേരുന്ന മൂവാറ്റുമുഖം കാണാം. കേരളത്തിലെ പള്ളികളിൽ ഏറ്റവും പഴക്കം ചെന്ന ചമ്പക്കുളം സെന്റ് മേരീസ് ബസ്‌ലീക്ക പള്ളിയും ചാവറഭവനും ഈ യാത്രയിൽ നമുക്ക് സന്ദർശിക്കാം. രാത്രിബോട്ടിൽ തങ്ങി,രാവിലെ കൊതുമ്പു വള്ളത്തിൽ ഒന്ന് ചുറ്റി കറങ്ങുകയും ചെയ്യാം. ആലപ്പുഴയുടെ സൗന്ദര്യം നുകർന്ന് കൊണ്ടുള്ള ഹൗസ്‌ബോട്ടുയാത്ര തികച്ചും സ്വപ്നതുല്യം.