കേരളത്തിലെ ഏറ്റവും പ്രശസ്തവും വർണ്ണാഭവുമായ ക്ഷേത്രോത്സവങ്ങളിലൊന്നാണ് തൃശൂർ പൂരം. കേരളത്തിലെ സാംസ്കാരിക ജില്ലയായ തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തിലാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ ടൂറിസം ഭൂപടത്തിൽ ഇതിന് ഒരു പ്രധാന സ്ഥാനമുണ്ട്, ധാരാളം സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഉത്സവമാണ് ഇത്. ഏഷ്യയിലെ ഏറ്റവും വലിയ ഒത്തുചേരലുകളിലൊന്നാണ് തൃശൂർ പൂരം. പാരമ്പര്യവും, സംസ്കാരവും, കേരളീയ തനിമയും,കലാമേന്മയും ഒത്തുചേർന്ന ഒരു അനുഗ്രഹമാണ്, മലയാളികൾക്ക് തൃശ്ശൂർപൂരം .
എല്ലാ വർഷവും തൃശൂരിലെ വടക്കുംനാഥൻ ക്ഷേത്രത്തിൽ മലയാള മാസമായ മേടത്തിലെ പൂരം നക്ഷത്രത്തിൽ ചന്ദ്രൻ ഉദിക്കുന്ന ദിവസമാണ് തൃശൂർ പൂരം ആഘോഷിക്കുന്നത്. എല്ലാ പൂരങ്ങളിലും വെച്ചു ഏറ്റവും വലുതും പ്രസിദ്ധവുമാണ് ഇത്. കൊച്ചിയിലെ മഹാരാജാവ് (1790–1805) ശക്തൻ തമ്പുരാൻ എന്നറിയപ്പെടുന്ന രാജാ രാമവർമ്മയുടെ ആശയമാണ് തൃശ്ശൂർ പൂരം.
ആദ്യകാലങ്ങളിൽ ആറാട്ടുപുഴ പൂരം ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന ആഘോഷമായി നടത്തിയിരുന്നു. ത്രിശ്ശൂരിലെ മറ്റ് ക്ഷേത്രങ്ങൾ ഈ പൂരത്തിൽ പങ്കെടുത്തിരുന്നു. ഒരിക്കൽ തുടർച്ചയായ മഴയെത്തുടർന്ന് ത്രിശ്ശൂരിൽ നിന്നുള്ള ക്ഷേത്രങ്ങൾ ആറാട്ടുപുഴ പൂരത്തിന് എത്താൻ വൈകി. അതുകൊണ്ടു പൂരം ഘോഷയാത്രയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. ഇതിൽ ദു:ഖവും ദേഷ്യവും തോന്നിയ ക്ഷേത്രഅധികൃതർ ശക്തൻ തമ്പുരനെ വിവരം അറിയിച്ചു. അദ്ദേഹം വടക്കുന്നാഥ ക്ഷേത്രത്തിന് ചുറ്റുമുള്ള 10 ക്ഷേത്രങ്ങളെ ഏകീകരിച്ചൂ , ത്രിശൂർ പൂരം ഒരു ബഹുജന ഉത്സവമായി സംഘടിപ്പിക്കുകയും ചെയ്തു. വടക്കുന്നാഥ ക്ഷേത്രത്തിലെ പ്രധാന ദേവതയായ വടക്കുന്നാഥനെ (ശിവൻ) ഉപാസിക്കാൻ അദ്ദേഹം ത്രിശൂർ നഗരത്തിലേക്ക് മറ്റ് ക്ഷേത്രങ്ങളെ ക്ഷണിച്ചു. പാറമേക്കാവ്, തിരുവമ്പടി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളാക്കി. തൃശൂർ സ്വരാജ് റൗണ്ടിലെ പാറമേക്കാവ് ഭഗവതി ക്ഷേത്രം, ഷൊർണൂർ റോഡിലെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയാണ് പ്രധാന ഗ്രൂപ്പകൾ. ഈ ഉത്സവം ദേവന്മാരുടെ കൂടിക്കാഴ്ചയായി കണക്കാക്കപ്പെടുന്നു. പൂരത്തിനുപയോഗിക്കുന്നവ എല്ലാം പുതുമയുള്ളതും മുൻപ് ഉപയോഗിച്ചിട്ടില്ലാത്തതുമാണ്, എന്നതാണ് ഇവിടുത്തെ പ്രത്യേകത. പൂരത്തിനുവേണ്ട കുടകളും നെറ്റിപ്പട്ടവും തയ്യാറാക്കാൻ ചുമതലപ്പെട്ട ആളുകളുണ്ട്.
പൂരത്തിന്റെ ആരംഭം:
തൃശൂർ പൂരത്തിന്റെ കേന്ദ്രം വടക്കുന്നാഥ ക്ഷേത്രമാണ്. വെയിലും മഞ്ഞും കൊള്ളാതെ കണിമംഗലം ശാസ്താവ് വടക്കുംനാഥന്റെ സന്നിധിയിലേക്ക് എഴുന്നെള്ളുന്നതോടെയാണ് തുടർച്ചയായി 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിനു തുടക്കം കുറിക്കുക. ശാസ്താവ് പൂരവുമായി ആറുമണിയോടെ എത്തുകയും ഏഴരക്ക് ശ്രീമൂലസ്ഥാനത്ത് എത്തുകയും ചെയ്യുമ്പോൾ പൂരം അവസാനിക്കുകയും ചെയ്യുന്നു. പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നീക്ഷേത്രങ്ങളിൽ നിന്ന് വടക്കുന്നാഥനെ ഉപാസിക്കുവനായി ശോഭായാത്രകൾ നടത്തുന്നു. കൊടിയേറ്റത്തോടുകൂടി പൂരം ഉത്സവം ആരംഭിക്കും. ഈ ചടങ്ങു് തൃശ്ശൂർ പൂരത്തിന് ഏഴു ദിവസം മുമ്പ് ആരംഭിക്കുന്നു.
ത്രിശൂർ പൂരത്തിന് എല്ലാ ക്ഷേത്രങ്ങളും പങ്കെടുക്കുന്നുണ്ട്, വെടിക്കെട്ടോടുകൂടി ഉത്സവത്തിന്റെ ആരംഭം കുറിക്കുന്നു. നെറ്റിപ്പട്ടം കെട്ടിയ മുപ്പതോളംഗജവീരന്മാരും, പ്രഗത്ഭരായ കലാകാരന്മാർ പങ്കെടുക്കുന്ന അഞ്ചു തരം പരമ്പരാഗത വാദ്യോപകരണങൾ ഉപയോഗിച്ചുള്ള പഞ്ചവാദ്യം എന്ന ദൃശ്യ ശ്രവ്യ മേളവും, തൃശൂർ പൂരം ഒരു വലിയ ആഘോഷമാക്കി മാറ്റുന്നു. വർണ്ണാഭമായ കുടമാറ്റം, ആലവട്ടം, വെഞ്ചാമരം എന്നിവയും പൂരത്തെ മനോഹരമാക്കുന്നു. രാവിലെ 6 മണിക്ക് ആരംഭിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ നീണ്ടുനിൽക്കുന്ന 36 മണിക്കൂർ തുടർച്ചയായുള്ള ആനകളുടെ ഘോഷയാത്രയും ആകർഷകമായ താളവാദ്യങ്ങളും മേളയുടെ ഭംഗി കൂട്ടുന്നു.
പ്രധാന ആകർഷണം: നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ, മടത്തിൽ വരവ്, ഇലഞ്ഞിതറ മേളം, കുടമാറ്റം, പകൽ പൂരം.
മടത്തിൽ വരവ്: പഞ്ചവദ്യം, 200 ലധികം പ്രഗത്ഭരായ കലാകാരന്മാർ അണിനിരക്കുന്നു.
ഇലഞ്ഞിത്തറ മേളം: വടക്കുംന്നാഥൻ ക്ഷേത്രത്തിനുള്ളിൽ ഇത് നടക്കുന്നു. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ് പങ്കെടുക്കാറ്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ് ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുൻ നിരയിൽ ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ കൂടിയാണ്. ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതിൽക്കകത്ത് കൊട്ടുന്നത് തൃശൂർ പൂരത്തിന് മാത്രമാണ് എന്നതാണ്. മേളത്തിന്റെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ് ക്ഷേത്രമതിൽക്കകത്ത് കൊട്ടാറുള്ളത്. പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ പെട്ടെന്ന് എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുന്നാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.
കുടമാറ്റം: ഇലഞ്ഞിത്തറ മേളത്തിന് ശേഷം, പാറമേക്കാവ്, തിരുവമ്പാടി ഗ്രൂപ്പുകൾ പടിഞ്ഞാറൻ കവാടത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ച് തെക്കൻ കവാടത്തിലൂടെ പുറത്തുവന്ന് വിദൂര സ്ഥലങ്ങളിൽ മുഖാമുഖം അണിനിരക്കുന്നു. മേളത്തിന്റെ സാന്നിധ്യത്തിൽ രണ്ട് ഗ്രൂപ്പുകളും ആനകളുടെ മുകളിൽ വർണ്ണാഭമായതും ഭംഗിയായി രൂപകൽപ്പന ചെയ്തതുമായ കുടകൾ മത്സരപരമായി കൈമാറ്റം ചെയ്യുന്നു. തൃശൂർ പൂരത്തിന്റെ പ്രധാന പ്രത്യേകതയാണിത്. ഓരോ കുട ഉയർത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയർത്തിയ ശേഷമേ അടുത്ത കുട ഉയർത്തൂ. തിടമ്പുകയറ്റിയ ആനയുടെ കുട മറ്റു ആനകൾക്ക് ഉയർത്തുന്ന കൂടയേക്കാൾ വ്യത്യാസമുള്ളതായിരിക്കും.
വെടിക്കെട്ട്: തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണം വെടിക്കെട്ടാണ്. പൂരത്തിന്റെ നാലാം ദിവസം സാമ്പിൾ വേദിക്കെട്ടുണ്ടു, ഇത് ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കും. പ്രധാന വെടിക്കെട്ടു പ്രസിദ്ധമാണ്. വെടിക്കെട്ടിന്റെ അതിശയകരമായ ഈ പ്രദർശനം തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് തേക്കിൻകാട് മൈതാനത്തിലാണ് നടക്കുന്നത്. ദേവിമാർ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകൾ സമാപിക്കുന്നു.
ആനച്ചമയം പ്രദർശനം:
തൃശൂർ പൂരത്തിൻറെ തലേ ദിവസം പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങൾ പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകൾ തുടങ്ങിയ ചമയങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശനത്തിനു വെയ്ക്കുന്നു.
പൂരം പ്രദർശനം:
തൃശൂർ പൂരത്തിന്റെ പ്രശസ്തിക്ക് നിദാനമായ നിരവധി ഘടകങ്ങൾ ഉണ്ട്. അതിലൊന്നാണ് പൂരം പ്രദർശനം. അഖിലേന്ത്യാ തലത്തിലൊരുക്കുന്ന പ്രദർശനം ഇന്ന് വിപുലവും പൂരം നടത്തിപ്പിന്റെ വരുമാനത്തിൽ ഒരു പ്രധാന സ്രോതസ്സുമാണ്. പൂരം നാളിനു് ഏകദേശം ഒരു മാസം മുമ്പേ തേക്കിൻകാട് മൈതാനത്തിന്റെ വടക്കുകിഴക്കുഭാഗത്തു്, കിഴക്കേ ഗോപുര നടയ്ക്കു സമീപമായി പ്രദർശന നഗരി ഒരുങ്ങിയിരിക്കും. ആയിരക്കണക്കിനാളുകൾ ദിവസവും പ്രദർശനം കാണാൻ എത്തും. വിനോദവും വിജ്ഞാനവും ഒരുപോലെ സംഗമിക്കുന്ന പ്രദർശന നഗരി വാണിജ്യപ്രധാനവുമാണ്.