തിരക്കുള്ള ജീവിതത്തിൽ സമയം കണ്ടെത്തി വീട്ടിലൊരു കൃഷി തോട്ടമുണ്ടാക്കുന്നത് നല്ല മാനസിക സന്തോഷം തരും. ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും കൃഷിത്തോട്ടത്തിൽ നിന്ന് കിട്ടും. ഈ മഴക്കാലത്തു അടുക്കളത്തോട്ടത്തിൽ വിളയിക്കാം പോഷകമൂല്യമുള്ള പച്ചക്കറികൾ.
ഇപ്പോൾ വിത്ത് നട്ടാലേ ഓണത്തിന് വിളവെടുക്കാൻ പറ്റുകയുള്ളൂ. വെള്ളരിയ്ക്ക, വെണ്ടയ്ക്ക, പച്ചമുളക്, പാവൽ,തക്കാളി,പടവലം എന്നിവ പ്രയാസം കൂടാതെ നമുക്ക് നട്ടു പിടിപ്പിക്കാം.
മഴക്കാലത്തു കീടബാധ പൊതുവെ കുറവാണ്, നല്ല വളങ്ങൾ കൊടുത്താൽ ചെടികൾ നന്നായി വളരും. ചെറിയ പരിചരണം മാത്രം മതി.ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടികിടക്കരുത്. ചെടികൾക്ക് താങ്ങു കൊടുക്കണം. ഗ്രോ ബാഗിലാണ് നടുന്നതെങ്കിൽ നല്ല ഡ്രൈനേജ് സൗകര്യം ഉണ്ടോ എന്ന് നോക്കണം.ഗ്രോ ബാഗുകൾ പൊക്കി വയ്ക്കണം, തറയിൽ നേരിട്ട് വെച്ചാൽ വെള്ളം കെട്ടികിടക്കും.
നല്ലയിനം വിത്തുകൾ ഉപയോഗിക്കുക. കീടബാധയില്ലാത്ത വേഗത്തിൽ മുളയ് ക്കുന്ന വിത്തുകൾ ആണ് നല്ലത്.
കുറ്റി ബീൻസ്
കുറ്റി ബീൻസ് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം. ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം. കുറ്റി ബീന്സിന് പന്തൽ ആവശ്യമില്ല. ഗ്രോ ബാഗിൽ മണ്ണിൽ ചാണകപ്പൊടിയും, ചാരവും എല്ലുപൊടിയും ചേർത്ത മിശ്രിതം ഇട്ടു അതിൽ വിത്ത് പാകാം. വിത്തിന്റെ അത്രയും ആഴത്തിൽ കുഴിച്ചു വിത്ത് നട്ടാൽ മതി. വിത്തുകൾ കുതിർക്കേണ്ടതില്ല. വിത്തുകൾ ഗുണമേന്മയുള്ളവ ആകണം.
പാവയ്ക്ക
പാവയ്ക്കയിൽ ഒട്ടുമിക്ക വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.വിറ്റാമിൻ എ, സി, ഇ, ഫോളേറ്റ്, എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളുടെ ഒരു പവർഹൗസാണ് കയ്പക്ക. പൊട്ടാസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കളും ഇതിലടങ്ങിരിക്കുന്നു. പല രോഗങ്ങൾക്കും പ്രതിവിധി കൂടിയാണ് പാവയ്ക്ക.