പച്ചക്കറി കൃഷിയും കാലാവസ്ഥയുമായി ബന്ധമുണ്ട്. നല്ല വിളവ് ലഭിക്കാൻ അനുകൂല കാലാവസ്ഥ ഗുണം ചെയ്യും. എന്നാൽ ഒട്ടു മിക്ക വിളകളും എല്ലാ കാലാവസ്ഥയിലും നടാനും പറ്റുന്നവയാണ്. പൊതുവെ വരണ്ട വേനൽക്കാലത്തു എല്ലാ പച്ചക്കറിയും കൃഷി ചെയ്യാൻ പറ്റില്ല.
ചില തരം കീടബാധകൾ പ്രത്യേകിച്ച് നീരൂറ്റിക്കുടിക്കുന്ന പ്രാണികളുടെ ആക്രമണം വേനൽക്കാലത്തു കാണാറുണ്ട്. വേനൽക്കാല പച്ചക്കറികളിൽ പ്രധാനമാണ് വെള്ളരി വർഗ്ഗത്തിൽപെട്ടവ. തണ്ണി മത്തൻ, കുമ്പളം, മത്തൻ, പീച്ചിങ്ങ, വെള്ളരി, പടവലം, പാവൽ ഇവയൊക്കെ ഇപ്പോൾ നടാം.
വേനലിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ
വിത്തിന്റെ കാര്യത്തിൽ ശ്രദ്ധ വേണം , നല്ല ഗുണമേൻമയുള്ള വിത്തുകൾ ഉപയോഗിക്കണം, ഇല്ലെങ്കിൽ കൃഷി മോശമാകും. വിത്ത് മുളപ്പിച്ചു തൈകളാക്കി വേണം നടാൻ. തടങ്ങളിലോ ചാലുകീറിയോ നടാം. വിളകൾ തമ്മിൽ അകലം വേണം. ചൂടിന്റെ കാഠിന്യം കുറയാനാണിത്. അതുപോലെ മണ്ണിൽ പുതയിട്ടു കൊടുത്താൽ കലകളുടെ ശല്യം കുറയും , ചൂടിൽ നിന്ന് രക്ഷയും നേടാം. ഇടയ്ക്കിടെ വള പ്രയോഗം നടത്തണം. ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കാം.
കൃഷി രീതി
മണ്ണൊരുക്കി,കുമ്മായമിട്ട് ട്രീറ്റ് ചെയ്യാം, തടങ്ങൾ പിടിച്ചു ഒരു തടത്തിൽ നാലോ അഞ്ചോ തൈകൾ നടാം , ആരോഗ്യമുള്ള തൈകൾ മാത്രം നട്ടാൽ മതി. നടുമ്പോൾ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർക്കാം. കമ്പോസ്റ്റും ചേർക്കാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം, ഇടവേളകളിൽ വളം കൊടുക്കാം. ഫിഷ് അമിനോ ആസിഡും കടലപ്പിണ്ണാക്കും ചാണകവും പുളിപ്പിച്ചതും തളിക്കാം.
പന്തലിട്ട് പടർത്താൻ നോക്കണം, കായകൾ തറയിൽ മുട്ടരുത്, ഓലയോമറ്റോ ഇട്ടു കൊടുക്കാം.അധികം മൂപ്പാകുന്നതിനു മുൻപ് പറിക്കാം. വെള്ളരിയും മത്തനും മൂപ്പായ ശേഷം പരിക്കുന്നതാണ് നല്ലത്.
വെള്ളരി
കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷു. വിഷുക്കണി യിൽ പ്രധാനപെട്ടതാണ് കണി വെള്ളരി, സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി. . വെള്ളരി പലതരമുണ്ട്. സാലഡ്, സാംബാർ വെള്ളരി എന്നിങ്ങനെ. സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി മലയാളികളുടെ പ്രിയയിനമാണ്.
തണ്ണി മത്തൻ
തണ്ണി മത്തൻ 2 തരം ഉണ്ട് , ഷുഗർ ബേബിയും ഹൈബ്രിഡും. ഹൈബ്രിഡ് ഇനങ്ങൾ വേഗത്തിൽ വളരുന്നവയാണ്. നല്ലയിനം വിത്തുകൾ വാങ്ങാൻ ശ്രദ്ധിക്കണം.