അടുക്കളത്തോട്ടത്തിലേക്കൊന്നിറങ്ങിയാൽ നമ്മുടെ ഭക്ഷണത്തിനു വേണ്ടത് അവിടെ റെഡിയാണെങ്കിൽ ഇതിൽ പരം സന്തോഷം വേണോ?
പച്ചക്കറികൃഷിയിൽ മുന്നേറാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
ആദ്യം വിത്തിന്റെ കാര്യത്തിൽ തുടങ്ങാം. ഗുണമേന്മയുള്ള വിത്തുകൾ മാത്രം കൃഷിക്ക് ഉപയോഗിക്കാം. വിത്തുകൾ നടുന്നതിനു മുൻപ് സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. ഇനി മണ്ണിന്റെ കാര്യം. വിത്തുകൾ നടുന്നതിനു മുൻപ് കുമ്മായമിട്ട് ഇളക്കിയിടണം.
നമുക്ക് കുറച്ചു ക്ഷമയും, പ്രവർത്തിക്കാനുള്ള മനസ്സും വേണം. സൂര്യപ്രകാശമുള്ള സ്ഥലം കണ്ടെത്തണം, ടെറസിലും കൃഷി ചെയ്യാം. പച്ചക്കറികൾ നടാൻ പറ്റിയ ഗ്രോ ബാഗുകൾ, പാത്രങ്ങൾ എന്നിവയിൽ കൃഷി ചെയ്യാം .
നമ്മുടെ നിത്യേനയുള്ള ഭക്ഷണാവശ്യങ്ങൾ മുഴുവനും നിറവേറ്റാൻ അടുക്കളത്തോട്ടത്തിലെ ഈ പച്ചക്കറികൾ മാത്രം മതിയാകും. കുടുംബത്തിലെ മൊത്തം അംഗങ്ങളുടെയും ആരോഗ്യം ഇങ്ങനെ സംരക്ഷിക്കാം. കുറച്ചു ഭാവനയുണ്ടെങ്കിൽ അടുക്കളത്തോട്ടം വീട്ടിലെ മനോഹരയിടമാക്കാം, പടരുന്ന ചെടികൾ എല്ലാം ഒരുവശത്തു നടാം, വള്ളികൾ പടർത്താനും വിളവെടുക്കാനും എളുപ്പമാകും. ഇലക്കറികൾ എല്ലാം ഭംഗിയായി ഒരുമിച്ചു നടാം. പലതരം മുളകുകൾ, അവയും ഒരു വരിയിൽ നട്ടു പിടിപ്പിക്കാം. ബന്ദി പൂക്കൾ നട്ടുപിടിപ്പിച്ചാൽ വിളവുകളെ കീടബാധയിൽ നിന്നും രക്ഷിക്കാം, തോട്ടം സുന്ദരവുമാകും.
പച്ചക്കറി കൃഷിയും കാലാവസ്ഥയുമായി ബന്ധമുണ്ട്. നല്ല വിളവ് ലഭിക്കാൻ അനുകൂല കാലാവസ്ഥ ഗുണം ചെയ്യും. എന്നാൽ ഒട്ടു മിക്ക വിളകളും എല്ലാ കാലാവസ്ഥയിലും നടാനും പറ്റുന്നവയാണ്.
ആരോഗ്യമുള്ള തൈകൾ മാത്രം നട്ടാൽ മതി. നടുമ്പോൾ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർക്കാം. കമ്പോസ്റ്റും ചേർക്കാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം, ഇടവേളകളിൽ വളം കൊടുക്കാം. ഫിഷ് അമിനോ ആസിഡും കടലപ്പിണ്ണാക്കും ചാണകവും പുളിപ്പിച്ചതും തളിക്കാം.
ചെടികളെ ദിവസവും നിരീക്ഷിക്കണം. സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കണം.ആവശ്യമെങ്കിൽ ജൈവ കീട നിയന്ത്രണ രീതികളോ കീടനാശിനി സോപ്പോ ഉപയോഗിക്കുക.