മിക്ക വീട്ടമ്മമാരും കൃഷി ചെയ്യാൻ താല്പര്യമുള്ളവരാണ്. എന്നാൽ കൃഷി ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ അവർ നിരാശയിലാകുകയും ചെയ്യും. മികച്ച വിളവ് കിട്ടാത്തതും , കീടങ്ങളുടെ ശല്യവും ഒക്കെ അവരെ പ്രശ്നത്തിലാക്കുകയും ചെയ്യും. എന്താണ് ഇതിനൊരു പ്രതിവിധി?
പുറത്തു നിന്നുള്ള പച്ചക്കറികളുടെ വിലയും, അവയിലെ കീടനാശിനി പ്രയോഗവും വീട്ടിലൊരു അടുക്കളത്തോട്ടം വേണ്ടതിന്റെ ആവശ്യകത വർദ്ധിപ്പിക്കുന്നു.
നല്ല പച്ചക്കറികളോടുള്ള താത്പര്യവും, കുറച്ചു ക്ഷമയും, അതിനുവേണ്ടി മാറ്റി വയ്ക്കാൻ സമയവും ഉണ്ടെങ്കിൽ നല്ലൊരു അടുക്കളത്തോട്ടം ആർക്കും ഉണ്ടാക്കാം.
മണ്ണ് ട്രീറ്റ് ചെയ്യണം, മണ്ണ്, കുമ്മായമിട്ട് ഇളക്കി 15 ദിവസം ഇടണം. മണ്ണ് നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. സൂര്യപ്രകാശം കിട്ടുന്നയിടമാകണം. ടെറസിലും കൃഷി ചെയ്യാം, ഇതിനായി ഗ്രോ ബാഗുകളോ, ചട്ടികളോ എടുക്കാം. അടിവളമായി കംമ്പോസ്റ്റ് ഇട്ട് കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി ഇവ ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ എന്നിവ മണ്ണിൽ ചേർത്തു കൊടുക്കാം.
വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ. കട്ടികൂടിയവ 8 -10 മണിക്കൂർ വരെയും മറ്റുള്ളവ 3-4 മണിക്കൂറും കുതിർക്കണം , വിത്തുകൾ കുതിർക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ സ്യൂഡോമോണസ്സ് ലായനി ഒഴിക്കാം . ചകിരിച്ചോറും, ചാണ കപൊടിയും ചേർത്ത മണ്ണിൽ വേണം നടാൻ. മുളച്ച തൈകൾ ഇടക്കിടെ വെയിൽ ക്കൊള്ളിച്ചു വെയിൽ കൊണ്ടാൽ വാടാത്ത പരുവത്തിൽ നടാം.
വേനലിൽ നടാൻ പറ്റിയവ
അടുക്കളത്തോട്ടത്തിലെ വിളകൾക്ക് വേനലിൽ നല്ല പരിചരണം ആവശ്യമാണ്. വേനൽക്കാലത്തു നടാൻ പറ്റിയ വിളകൾ ഏതൊക്കെയാണ് എന്ന് മുൻകൂട്ടി നിശ്ചയിക്കണം. വേനലിൽ നടാൻ പറ്റിയവയാണ് ചീര, വഴുതന, പീച്ചിങ്ങ, വെള്ളരി, വെണ്ട, തക്കാളി, പാവയ്ക്ക, പയർ എന്നിവ.
വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കുക.
പീച്ചിങ്ങ
നല്ലൊരു വേനൽക്കാല വിളയാണ് പീച്ചിങ്ങ. മഴക്കാലത്തും നല്ല വിളവ് തരും. പീച്ചിങ്ങയുടെ കൃഷി വളരെ എളുപ്പമാണ്. അടുക്കളത്തോട്ടത്തിൽ നിര്ബന്ധമായും നട്ടു പിടിപ്പിക്കേണ്ട പച്ചക്കറിയാണിത്.
ധാരാളം ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് പീച്ചിങ്ങ. വിറ്റാമിൻ എ, സി, എന്നിവ ഇതിലടങ്ങിയിട്ടുണ്ട്. ഹൃദ്രോഗത്തിനും , പ്രമേഹത്തിനും ഒരു പ്രതിവിധി കൂടിയാണ് പീച്ചിങ്ങ.
ടെറസിൽ ഗ്രോ ബാഗിൽ പീച്ചിങ്ങ നട്ടു പിടിപ്പിക്കാം. വിത്തുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളവ വാങ്ങണം ഇല്ലെങ്കിൽ കൃഷിയിൽ ഉദ്ദേശിച്ച ഫലം കിട്ടില്ല . വിത്തുകൾ നന്നായി ഒരുക്കിയ മണ്ണിൽ അധികം താഴ്ചയില്ലാതെ നടാം. കുമ്മായം, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് മണ്ണ് കുറച്ചു ദിവസം വെയിൽ കൊള്ളാൻ വെച്ചിട്ട് വിത്തുകൾ നടാം.
1 ഇഞ്ച് ആഴത്തിലും 3 അടി അകലത്തിലും തയ്യാറാക്കിയ തടങ്ങളിൽ നേരിട്ട് വിത്ത് വിതയ്ക്കുക. രണ്ടാഴ്ച് കൂടുമ്പോൾ ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. ഇലകളിൽ കഞ്ഞി വെള്ളം നേർപ്പിച്ചു ഒഴിച്ച് കൊടുക്കാം. ഇടക്ക് ജൈവവളങ്ങൾ മണ്ണും ചകിരിച്ചോറും ചേർത്ത് ഇട്ടു കൊടുക്കാം. വെള്ളം രാവിലെയും വൈകീട്ടും ഒഴിച്ച് കൊടുക്കാം.
വള്ളി വീശുമ്പോൾ പന്തൽ ഇട്ടു കൊടുക്കാം. ശരിയായ നടീലും പരിചരണവും കൊടുത്താൽ , ചൂടുള്ള കാലാവസ്ഥയിലും തഴച്ചുവളരുന്നു.
Leave a Reply