ആരോഗ്യത്തിനും സമ്പത്തിനും സന്തോഷത്തിനും ഉള്ള ഒരു ശീലം – അടുക്കളത്തോട്ടം
നല്ലൊരു അടുക്കളത്തോട്ടം ഏതൊരു വീടിനും അലങ്കാരമാണ് ,ഇന്ന് അതൊരു ആവശ്യവുമാണ്. നമുക്ക് ആവശ്യമായ പച്ചക്കറികൾ നാം തന്നെ നട്ടു പിടിപ്പിക്കണം. നമ്മുടെ വീടിന്റെ പരിസരത്തോ , ടെറസിലോ , ബാൽക്കണിയിലോ ഒരു അടുക്കളത്തോട്ടം ഒരുക്കിയെടുക്കാം. ഇന്ന് മാർക്കറ്റിൽ നിന്ന് നാം വാങ്ങുന്ന പച്ചക്കറികൾ വിഷലിപ്തമാണ് . അമിതമായ കീടനാശിനി പ്രയോഗം നടത്തി വാണിജ്യപരമായ ലാഭത്തിനുവേണ്ടി വളർത്തിയെടുത്തവയാണ് ഈ പച്ചക്കറികൾ. ഇവ കഴിക്കുന്നത് പലതരം രോഗങ്ങൾ നമുക്ക് പിടിപെടാൻ കാരണമാകുന്നു. നമുക്ക് വേണ്ട പച്ചക്കറികളും പഴങ്ങളും അടുക്കളത്തോട്ടത്തിൽ വെച്ചു പിടിപ്പിക്കുന്നത് സാമ്പത്തിക ലാഭത്തോടൊപ്പം ആരോഗ്യവും നൽകുന്നു . പഴങ്ങളും പച്ചക്കറികളും നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും എല്ലാ വിറ്റാമിനുകളും ധാതുക്കളും നൽകുകയും ചെയ്യുന്നു.
പച്ചക്കറികൾ നട്ടു പിടിപ്പിക്കുന്നത് ഒരു ഹോബി ആയോ നമുക്കാവശ്യമായവ നാം തന്നെ കൃഷി ചെയ്തു എടുക്കും എന്ന ഒരു വാശിയോടുകൂടിയോ കണ്ടു അതിനുവേണ്ടി സമയം കണ്ടെത്തണം. ഇതൊരു ജീവിത ശൈലിയാക്കി മാറ്റണം. വീട്ടിലെ എല്ലാ അംഗങ്ങളും കൃഷിയിൽ പങ്കെടുക്കണം. പ്രത്യേകിച്ചു കുട്ടികളെ വീട്ടിലെ അടുക്കളതോട്ടത്തിൽ സഹകരിപ്പിക്കണം. ടി.വി യുടെയോ മൊബൈലിന്റെയോ അമിത ഉപയോഗം അവർക്കിടയിൽ ഉണ്ടാകാതിരിക്കാനും , സർഗ്ഗാത്മക പ്രവർത്തനങ്ങളിലേയ്ക്ക് അവരെ നയിക്കാനും നമ്മുടെ അടുക്കളതോട്ട പരിചരണത്തിലൂടെ കഴിയുന്നു.
ഇത് മുതിർന്നവർക്കു മാനസികോല്ലാസം നൽകുന്നു അതോടൊപ്പം ഒരു വ്യായാമമായും കൂടാതെ കൃഷിയിൽ പുതിയ പരീക്ഷണങ്ങൾ നടത്താനും , മറ്റുള്ളവർക്ക് മാതൃകയാകാനും കൃഷി സംബന്ധമായ ഉപദേശങ്ങൾ അവർക്ക് നൽകാനും സാധിക്കും. അടുക്കളത്തോട്ടം നമുക്ക് ചുറ്റുമുള്ള വായുവിനെ ശുദ്ധീകരിക്കുന്നു. സസ്യങ്ങൾ കാർബൺ ഡൈ ഓക്സൈഡ് എടുക്കുന്നു, പകരം മനുഷ്യർക്ക് വളരെ പ്രധാനമായ ഓക്സിജൻ നൽകുന്നു. ഇത് തണുപ്പും കാറ്റും നിലനിർത്തുന്നു.നമ്മുടെ ഗൃഹാന്തരീക്ഷം സുന്തരമാക്കുന്നു.
ജൈവകൃഷി
അടുക്കളത്തോട്ടത്തിൽ ജൈവകൃഷിരീതിയാണ് നല്ലത് .ജൈവ കീടനാശിനികൾ, കമ്പോസ്റ്റ്, പച്ചില വളങ്ങൾ, ഇടവിള കൃഷി,തുടങ്ങിയവയെ ആശ്രയിക്കുന്നതും രാസവളങ്ങളും, കൃത്രിമ രാസ കീടനാശിനികളും തീർത്തും ഒഴിവാക്കിയുള്ളതും, ജൈവമാറ്റം വരുത്തിയ വിത്തുകൾ എന്നീ രീതികൾ ഉപയോഗിക്കാതെയും നടത്തപ്പെടുന്ന കൃഷി രീതിയെയാണ് ജൈവകൃഷി (Organic Farming) എന്നു വിളിക്കുന്നത്.
നാം കുറച്ചു സമയം ക്രിയാത്മകമാക്കി വിനിയോഗിച്ചാൽ നല്ലൊരു കൃഷിത്തോട്ടത്തിന് ഉടമയാകാം. ഒരു കുടുംബത്തിന്റെ സാമ്പത്തികമേന്മയും , മെച്ചപ്പെട്ട ആരോഗ്യവും അടുക്കളത്തോട്ടത്തിലൂടെ നേടിയെടുക്കാം.
Leave a Reply