ഗുരുവായൂർ ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ഹൈന്ദവ ക്ഷേത്രമാണ്. തൃശൂർ ജില്ലയിലെ ഗുരുവായൂർ പട്ടണത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആകർഷകമായ വാസ്തുവിദ്യാ സൗന്ദര്യവും സമ്പന്നമായ ചരിത്രവും കൊണ്ട് ലോകമെമ്പാടുമുള്ള ഭക്തന്മാരെ ഈ ക്ഷേത്രം ആകർഷിക്കുന്നു.
ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്. ത്രിമൂർത്തിയായ മഹാവിഷ്ണുവിനെ ഇവിടെ പ്രതിഷ്‌ഠിച്ചിരിക്കുന്നു. ഗുരുവായൂരപ്പൻ സാക്ഷാൽ ശ്രീകൃഷ്ണൻ ആണെന്നാണ് സങ്കല്പം.
ഗുരുവായൂർ അമ്പലത്തിലെ ഉത്സവങ്ങൾ :
ആറാട്ട് ഉത്സവം (ഫെബ്രുവരി-മാർച്ച്): ക്ഷേത്രത്തിലെ കൊടിയേറ്റത്തോടെയുള്ള 10 ദിവസത്തെ ഉത്സവം.
ആനയോട്ടം (ഗുരുവായൂർആനയോട്ടം) പോലുള്ള പരിപാടികൾ ഈയവസരത്തിൽ നടക്കുന്നു.
ഗുരുവായൂർ ഏകാദശി (നവംബർ-ഡിസംബർ): വൃശ്ചികമാസത്തിലെ ഏകാദശിയിൽ, പുലർച്ചെ 3 മണിമുതൽ ഭഗവൽ ദർശനത്തിനായി ദശലക്ഷക്കണക്കിന് ആളുകൾ എത്തിച്ചേരുന്നു. ഈ ദിവസം ഭഗവാനെ തൊഴുന്നത് പുണ്യമായി കരുതുന്നു.
ജന്മാഷ്ടമി (ജൂലൈ-ഓഗസ്റ്റ്): ചിങ്ങമാസത്തിലെ രോഹിണി നക്ഷത്രം ശ്രീകൃഷ്ണന്റെ ജന്മദിനമാണ്. ജന്മാഷ്‌ടമി ആഘോഷങ്ങൾ വിപുലമായി നടത്തുന്നു.
ചെമ്പൈ സംഗീതോത്സവം: പ്രശസ്ത കർണാടക സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി നടത്തി വരാറുള്ള സംഗീതോത്സവത്തിൽ ധാരാളം കലാകാരൻമാർ പങ്കെടുക്കുന്നു. അദ്ദേഹം ഗുരുവായൂരപ്പ ഭക്തനായിരുന്നു.
ഗുരുവായൂരപ്പന്റെ എളിയ ഭക്തനായ പൂന്താനം നമ്പൂതിരി, ഭഗവാനെ സ്തുതിച്ചുകൊണ്ട് മലയാളത്തിൽ എഴുതിയ “ജ്ഞാനപ്പാന” ഭക്തി പ്രധാനവും പ്രശസ്തവുമാണ്. ഗുരുവായൂരപ്പന്റെ മറ്റൊരു ഭക്തനായ സംസ്‌കൃത പണ്ഡിതനായ മേൽപ്പത്തൂർ നാരായണ ഭട്ടിത്തിരിയാണ് “നാരായണീയം” രചിച്ചത്. എഡി 1586-ൽ ഭാഗവത പുരാണത്തെ ആസ്പദമാക്കി രചിച്ച 1034-ശ്ലോകങ്ങൾ അടങ്ങിയ സംസ്‌കൃതത്തിൽ രചിച്ച നാരായണീയം ഗുരുവായൂരപ്പനെ സ്തുതിക്കുന്ന പ്രശസ്ത ഗ്രന്ഥമാണ്. തന്റെ വാതരോഗ ശമനത്തിനായി ഭഗവാനെ പ്രാർത്ഥിക്കുകയും നാരായണീയം എഴുതിപൂർത്തിയാക്കിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ രോഗം ഭേദമായി എന്നും പറയപ്പെടുന്നു.
പ്രധാന വഴിപാടുകൾ
ഉദയാസ്തമനപൂജ, കളഭച്ചാർത്ത്, കൃഷ്ണനാട്ടം, പാൽപ്പായസം, അപ്പം, അട, വെണ്ണ തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ.
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്തുന്നത് ദീർഘവും അനുഗ്രഹീതവുമായ ദാമ്പത്യജീവിതം നൽകും എന്നാണ് വിശ്വാസം.
ശിശുക്കൾക്കുള്ള ചോറൂണും തുലാഭാരവുമാണ് ക്ഷേത്രത്തിലെ മറ്റ് ആചാരങ്ങൾ. ഗുരുവായൂർ ദേവസ്വത്തിന് ഗോശാലയും ആനക്കോട്ടിലിൽ ആനത്താവളവുമുണ്ട്.
ഭഗവാൻ കൃഷ്ണന്റെ ഭക്തരെ എന്നും ആകർഷിക്കുന്ന ഗുരുവായൂർ ക്ഷേത്രം വിശ്വാസത്തെയും സാംസ്കാരിക പൈതൃകത്തെയും ദൈവിക കൃപയെയും പ്രതീകപ്പെടുത്തുന്നു. ലക്ഷക്കണക്കിന് ഭക്തന്മാർ എത്തിച്ചേരുന്ന ഗുരുവായൂരിലെ ദർശനം കഴിഞ്ഞു വിശ്വാസികൾ മഹാദേവ ക്ഷേത്രമായ മമ്മിയൂരിലും ദർശനം നടത്തുന്നു.
ക്ഷേത്രം ദർശനത്തിനായി എത്തുന്ന പുരുഷന്മാർ മുണ്ട് ധരിക്കണം, ക്ഷേത്രത്തിനുള്ളിൽ ഷർട്ടും ബനിയനും ധരിക്കാൻ പാടില്ല. സ്ത്രീകൾക്ക് സാരിയും ചുരിദാറും സൽവാർ കമ്മീസും ധരിക്കാം. ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോണുകളും ക്യാമറകളും അനുവദിക്കാറില്ല.
എങ്ങനെ എത്തിച്ചേരാം:
ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗുരുവായൂരിലേക്കുള്ള ദൂരം 79.4 കിലോമീറ്ററാണ്.
ഗുരുവായൂരാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
Leave a Reply